35 Years Of PoovinuPuthiyoruPoothennal

0

 സ്വർഗ്ഗ ചിത്ര അപ്പച്ചന്റെ ആദ്യ നിർമ്മാണ സംരംഭമായ പൂവിന് പുതിയ പൂന്തെന്നലിന്റെ 35-ാം വാർഷികം. 1985 - ൽ റിലീസായ, ഹാരിസൺ ഫോർഡ് നായകനായ ' വിറ്റ്നസ് ' എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫാസിൽ ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന ബധിരനും മൂകനുമായ ഒരു കൊച്ചു കുട്ടിയും യാദൃശ്ചികമായി ആ കുട്ടിയുടെ സംരക്ഷണം  ഏറ്റെടുക്കേണ്ടി വരുന്ന ഒരാളുടെയും കഥയാണ് ചുരുക്കിപ്പറഞ്ഞാൽ ഈ ചിത്രം.


തന്റെ ഭാര്യയുടെയും കുട്ടിയുടെയും മരണത്തെത്തുടർന്ന് മദ്യത്തിനടിമയായി മാറിയ കിരൺ അവിചാരിതമായി തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരു പിഞ്ചു ബാലനെ കാണുകയും ആ കുട്ടിയെ സ്വവസതിയിലേക്ക് കൂടെക്കൂട്ടുകയും ചെയ്യുന്നു. ദിവസങ്ങൾക്കുള്ളിൽ ആ കുട്ടി ഒരു ബധിരനും മൂകനുമാണെന്ന് കിരൺ മനസിലാക്കുന്നു. കിരൺ തന്റെ സ്വന്തം മകനേപ്പോലെ ആ കുഞ്ഞിനെ സ്നേഹിക്കുകയും കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, താമസിയാതെ ആ കുഞ്ഞിനെ സ്വന്തമാക്കാൻ ചിലർ രംഗത്ത് വരുന്നു. കുട്ടിയെ തട്ടിയെടുക്കാൻ മാത്രമല്ല വകവരുത്താനും ചിലർ രംഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞ കിരൺ കുട്ടിയുടെ സുരക്ഷയെക്കരുതി തന്റെ മദ്യപാനമെന്ന ദുശ്ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു. കിട്ടു എന്ന് പേരിട്ട് കിരൺ വിളിക്കുന്ന ആ കുഞ്ഞിന് പിന്നിൽ ഉള്ള ദുരൂഹതകൾ തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണവും  കണ്ടെത്തലുകളും ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലേക്ക് മാറ്റുന്നു.


1986 - ലെ ഓണം സീസണിൽ 5 മമ്മൂട്ടിച്ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തതു കൊണ്ടാകാം പൂവിന് പുതിയ പൂന്തെന്നൽ ഒരു വൻ വിജയമാകാതെ പോയത്. ഒപ്പം ദുരുന്ത പര്യവസായിയായ ക്ലൈമാക്സും ചിത്രത്തിന്റെ വ്യാപാര വിജയത്തെ പ്രതികൂലമായി ബാധിച്ചു. തന്റെ കന്നി ചിത്രത്തിന്റെ പ്രകടനത്തിൽ നിരാശനായ സ്വർഗ്ഗചിത്ര അപ്പച്ചനെ ആശ്വസിപ്പിച്ചു കൊണ്ട് മമ്മൂട്ടി അടുത്ത ചിത്രത്തിന് അപ്പോൾ തന്നെ ഡേറ്റ് കൊടുക്കുകയും പ്രതിഫലത്തിൽ വിട്ടു വീഴ്ച്ചകൾ ചെയ്യുകയും ചെയ്തു . ആ ചിത്രമാണ് 1987 - ലെ ഓണ ചിത്രമായ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. ആ ചിത്രം ഒരു വിജയമായിരുന്നു.


കേരളത്തിൽ പൂവിന് പുതിയ പൂന്തെന്നൽ ഒരു വിജയമല്ലായിരുന്നെങ്കിലും അതിന്റെ വിവിധ റീമേക്കുകൾ വൻ വിജയം നേടുകയുണ്ടായി. തമിഴ് പതിപ്പ്  " പൂവിഴി വാസലിലെ " എന്ന പേരിൽ സത്യരാജിനെ നായകനാക്കി ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്. ക്ലൈമാക്സിലും പാത്രസൃഷ്ടിയിലും സാരമായ മാറ്റങ്ങൾ വരുത്തിയാണ് തമിഴ് പതിപ്പ് റിലീസായത്. ചിത്രം ഒരു വൻ വിജയമായിരുന്നു. കന്നഡയിൽ അംബരീഷ് നായകനായി " ആപത് ബാന്ധ " എന്ന എന്ന പേരിലായിരുന്നു റിലീസായത്. ഹിന്ദിയിൽ ഹത്യ എന്ന പേരിൽ ഗോവിന്ദയെ നായകനാക്കിയാണ് ചിത്രമൊരുക്കിയത്. തെലുങ്കിൽ " പശിവാഡി പ്രാണം " എന്ന പേരിൽ ചിരഞ്ജീവിയായിരുന്നു നായകനായത്. ഈ ചിത്രത്തിന്റെ വൻ വിജയം സീനിയർ നടൻമാരെ മറി കടന്ന് ചിരഞ്ജീവിയെ, തെലുങ്കിൽ നമ്പർ വൺ പദവിയിലെത്തിച്ചു. ഈ റീമേക്കുകളെല്ലാം അതാത് ഭാഷകളിലെ നായക നടൻമാരുടെ കരിയറിൽ നിർണ്ണായക ചിത്രങ്ങളായിരുന്നു. ഈ വിവിധ റീമേക്കുകൾ കൂടാതെ ദേശാന്തരങ്ങൾ കടന്ന് ശ്രീലങ്കയിൽ സിംഹള പതിപ്പും ബംഗ്ലാദേശിൽ ബംഗാളി പതിപ്പും പുറത്തിറങ്ങി.


നായക കഥാപാത്രമായ മമ്മൂട്ടിയെ കൂടാതെ വലിയ ഒരു താര നിര തന്നെ ഈ ചിത്രത്തിലുണ്ടായിരുന്നു. നായിക വേഷത്തിൽ വന്ന നാദിയാ മൊയ്തുവും വില്ലൻ വേഷത്തിൽ എത്തിയ സുരേഷ് ഗോപിയും തങ്ങളുടെ കഥാപാത്രങ്ങളെ തൻമയത്തത്തോടെ അവതരിപ്പിച്ചു. എടുത്തു പറയേണ്ട ഒരു കാര്യം വാടക കൊലയാളിയുടെ വേഷത്തിൽ എത്തിയ ബാബു ആന്റണിയുടെ പ്രകടനവും കിട്ടുവായി ഗംഭീര പ്രകടനം കാഴ്ചവച്ച ബേബി സുചിതയുടേതുമായിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി പതിപ്പുകളിലെല്ലാം ഇരുവരും തന്നെയായിരുന്നു അവരവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇരുവരും എല്ലാ ഭാഷകളിലും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഏറ്റു വാങ്ങി. ബാബു ആന്റണിയുടെ കരിയർ ബെസ്റ്റ് പ്രകടനമായിരുന്നു രഞ്ജി എന്ന വാടകക്കൊലയാളിയുടേത്. എല്ലാവരേയും ഭയത്തിലാഴ്ത്തി ഇഴഞ്ഞു നീങ്ങുന്ന ഒരു സർപ്പമായി സങ്കൽപ്പിച്ചാണ് താനാ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് പിന്നീടൊരിക്കൽ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ക്യാപ്റ്റൻ രാജുവിന് ആഗസ്റ്റ് 1 എന്തായിരുന്നോ അതായിരുന്നു ബാബു ആന്റണിക്ക് പൂവിന് പുതിയ പൂന്തെന്നൽ. അതേ പോലെ തന്നെ ബേബി സുചിതക്ക് ബാലതാരമെന്ന നിലയിൽ ഈ കഥാപാത്രത്തേക്കാൾ മികച്ച മറ്റൊരു വേഷം കിട്ടിയിട്ടുണ്ടോ എന്നതും സംശയമാണ്. ക്ലൈമാക്സ് ശുഭ പര്യവസായി ആയിരുന്നെങ്കിൽ സൂപ്പർ ഹിറ്റായി മാറേണ്ട ഒരു ചിത്രമായിരുന്നു പൂവിന് പുതിയ പൂന്തെന്നൽ.


35 Years Of Poovinu Puthiyoru Poothennal 👌


Release Day - 15 Theatres

25 Day - 14 Theatres 

43 Day - 2 Theatres 

50 Day - 1 Theatre


✳️ It Was the first Malayalam film to be remade into a foreign language.


Sinhalese - Srilanka

Bengali - Bangladesh


✳️ And Holds Most Number Of Remades In Other Languages Equals To Dhrishyam.

















Post a Comment

0Comments
Post a Comment (0)